തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി തെന്നിന്ത്യൻ ബാല താരം മോണിക്ക ശിവ. അവാർഡ് കമ്മിറ്റിക്കെതിരെയും സർക്കാരിനെതിരെയുമാണ് താരത്തിന്റ വിമർശനം.
2016 മുതൽ 2022 വരെയുള്ള കാലയളവിലെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ, അർഹരായ കലാകാരന്മാരെ തഴഞ്ഞുകൊണ്ട് രാഷ്ട്രീയവും സ്വാധീനവും പുരസ്കാര നിർണയത്തിൽ പ്രതിഫലിച്ചുവെന്നാണ് താരം ആരോപിക്കുന്നത്.
അഞ്ചാം വയസിൽ അഭിനയരംഗത്തെത്തിയ താൻ 20-ഓളം ചിത്രങ്ങളിൽ ഭാഗമായെന്നും എന്നാൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നൽകിയതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും താരം പറയുന്നു.
എല്ലാവർക്കും നമസ്കാരം, തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിജയികളുടെ പട്ടിക ഇന്നലെ പുറത്തു വന്നിരുന്നു. ഞാൻ ആ പട്ടിക ശ്രദ്ധിച്ചു.
എന്റെ അഞ്ചാം വയസു മുതൽ ഞാൻ ഈ സിനിമാ മേഖലയിൽ അഭിനയിച്ചു വരികയാണ്. 2016 മുതൽ 2022 വരെയുള്ള കാലയളവിൽ ഏകദേശം ഇരുപതോളം സിനിമകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ പലതും പ്രേക്ഷകർ ഏറ്റെടുക്കുകയും ആഘോഷിക്കുകയും ചെയ്തവയാണ്. ചില സിനിമകൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടില്ലെങ്കിൽ പോലും, ഞാൻ അവതരിപ്പിച്ച പല കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു.
ഓരോ വേഷത്തിനും എന്റെ പരമാവധി മികച്ച പ്രകടനം നൽകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ‘കൈതി’, ‘രാക്ഷസൻ’, ‘കണാ’, ‘ആൺ ദേവതൈ’, ‘സംഗുചക്രം’ തുടങ്ങിയ സിനിമകളിൽ പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, ഇപ്പോൾ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ വ്യക്തിയുടെ പ്രകടനം അത്തരമൊരു അംഗീകാരത്തിന് അർഹമാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് അവാർഡ് ലഭിക്കാത്തത് കൊണ്ടല്ല ഞാൻ ഈ വിഷയം സംസാരിക്കുന്നത്. ഇങ്ങനെയൊരു സംഭവം ഉണ്ടായില്ലായിരുന്നെങ്കിൽ ഞാൻ ഇതേക്കുറിച്ച് സംസാരിക്കുമായിരുന്നോ എന്ന് എനിക്ക് അറിയില്ല.
എന്നാൽ ആ കാലയളവിൽ എന്നെപ്പോലെ തന്നെ ശക്തവും അർഥവത്തുമായ വേഷങ്ങൾ ചെയ്യുകയും പ്രേക്ഷകരുടെ അഭിനന്ദനം നേടുകയും ചെയ്ത ഒട്ടേറെ കുട്ടികളുണ്ടായിരുന്നു. അവർ ആർക്കെങ്കിലും ഈ അവാർഡ് ലഭിച്ചിരുന്നെങ്കിൽ, അർഹതപ്പെട്ടവർക്ക് തന്നെയാണ് അംഗീകാരം ലഭിച്ചതെന്ന് കരുതി എനിക്ക് അത് അംഗീകരിക്കാമായിരുന്നു. പക്ഷേ, ഇപ്പോൾ ഉണ്ടായ സാഹചര്യം എനിക്ക് അംഗീകരിക്കാൻ പ്രയാസമാണ്.
ഏറ്റവും പ്രധാനമായി, ഇത് വ്യക്തിപരമായ അഭിപ്രായങ്ങളാലോ സ്വാധീനത്താലോ നൽകപ്പെടുന്ന ഒരു സ്വകാര്യ അവാർഡല്ല. ഇത് സർക്കാർ നൽകുന്ന പുരസ്കാരമാണ്. യഥാർഥ പ്രതിഭകൾക്കുള്ള അഭിനന്ദനവും ഓരോ അഭിനേതാവിനും വളരെ പ്രധാനപ്പെട്ട ഒരു അംഗീകാരവുമാണിത്.
ഇത്തരം അംഗീകാരങ്ങൾ അർഹതപ്പെട്ടവരിലേക്ക് എത്താതിരിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്. സത്യത്തിൽ, ഈ വിഷയത്തെ ചോദ്യം ചെയ്യാനും അഭിസംബോധന ചെയ്യാനും എനിക്ക് അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ പുരസ്കാരങ്ങളിലുള്ള വിശ്വാസവും പ്രതീക്ഷയും പതുക്കെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ബന്ധപ്പെട്ട അധികാരികളോടും ഈ വിഷയം ശ്രദ്ധിക്കണമെന്നും ഇതിലേക്ക് കണ്ണോടിക്കണമെന്നും ഞാൻ വിനയപൂർവം അഭ്യർത്ഥിക്കുന്നു.ആത്മാർഥതയോടെ, മോണിക ശിവ.’’
ലോകേഷ് കനകരാജിന്റെ കൈതിയിലെ അമുദയായും, രാക്ഷസൻ, കനാ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടനങ്ങളിലൂടെയും ശ്രദ്ധേയമായ താരമാണ് മോണിക്ക.